യഥാർത്ഥത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ആരാണ്? - ഹർഷൻ നമ്പൂതിരി, പായ്ക്കാട്ട്മന എഴുതുന്നു....


ഗവാൻ ശ്രീകൃഷ്ണൻ എന്നു പറയുമ്പോൾ പലർക്കും വേണുവൂതുന്ന, രാധാ സമേതനായ, വെണ്ണ കക്കുന്ന, ചേല കള്ളനായ, 16008 ഭാര്യമാർ ഉള്ളവനാകുന്നു. എന്നാൽ യഥാർത്ഥത്തിൽ ശ്രീകൃഷ്ണൻ അങ്ങനെ ആയിരുന്നോ? ഭാഗവതത്തിൽ കൃഷ്ണനെ മേൽ പറഞ്ഞ വർണ്ണനകൾ ശരിവെക്കുന്ന വിധത്തിലാണ് ചിത്രകരിച്ചിരിക്കുന്നത്. എന്നാൽ വ്യാസകൃതിയായ മഹാഭാരതത്തിൽ നേർവിപരീതമാണ് വസ്തുതകൾ . മഹാഭാരതത്തിൽ കൃഷ്ണൻ മികച്ച യുദ്ധതന്ത്രജ്ഞനും, ഭരണ കർത്താവും, അസാമാന്യ പ്രതിഭയുള്ള നേതാവും, ശസ്ത്രധാരിയും യോഗേശ്വരനും ആകുന്നു. മഹാഭാരതത്തിൽ കൃഷ്ണനെ വിഷ്ണുവിൻ്റെ അവതാരമായോ ഈശ്വരനായോ അല്ല അനുഭവപ്പെടുക - പകരം ബുദ്ധിരാക്ഷസനായ സമചിത്തതയുള്ള സ്ഥിതപ്രജ്ഞനായാണ്.

മഹാഭാരതം പല കാലങ്ങളിൽ പലരും പ്രക്ഷിപ്ത (കൂട്ടിച്ചേർക്കലുകൾ ) ഭാഗങ്ങൾ ചേർത്തിട്ടുള്ളതിനാൽ ഇതിനു വിരുദ്ധമായി കൃഷ്ണനെ പരമാത്മാവായും ലോകനാഥനായും വർണ്ണിച്ചിട്ടുണ്ട്‌. എങ്കിലും മഹാഭാരതം പാണ്ഡവരുടെ ചരിത്രമായതിനാൽ അവരുമായി ബന്ധപ്പെട്ട പ്രസക്ത ഭാഗങ്ങളിൽ ശ്രീകൃഷ്ണഭഗവാനെ സ്ഥിതപ്രജ്ഞനായാണ് പരാമർശിച്ചിട്ടുള്ളത് അല്ലാതെ ദൈവമായിട്ടല്ല. കൂടാതെ ബങ്കിം ചന്ദ്ര ചാറ്റർജി എഴുതിയ കൃഷ്ണ ചരിതത്തിൽ കൃഷ്ണൻ ഒരു ചരിത്ര പുരുഷനാണെന്ന് സമർത്ഥിച്ചിട്ടുണ്ട്. അവതാരമാണ് കൃഷ്ണൻ എന്ന വാദത്തെ അദ്ദേഹം യുക്തിയോടെ ഖണ്ഡിക്കുന്നു. സമാനവാദം തന്നെ ലാലാ ലജ്പത് റായിയും മുന്നോട്ട് വക്കുന്നു . കൃഷ്ണഭഗവാൻ്റെ ഗുണഗണങ്ങൾ നിമിത്തം ജീവിച്ചിരുന്നപ്പോൾ തന്നെ യശസ്വിയും, മരിച്ചപ്പോൾ അദ്ദേഹത്തോടുള്ള ആരാധന നിമിത്തം ജനങ്ങൾ അദ്ദേഹത്തെ ഈശ്വരനായും അവതാരമായും ആരാധിക്കാൻ തുടങ്ങിയെന്ന് അദ്ദേഹം അഭിപ്രായപെടുന്നു. ഇതേപോലെ പിൽക്കാലത്തും ജനങ്ങൾ ബുദ്ധനെയും ഈശ്വരതുല്യം കരുതുവാൻ തുടങ്ങി. അവരുടെ ജീവിത കഥകളിൽ പൊടിപ്പും തൊങ്ങലും ചേർത്ത് കെട്ടുകഥകൾ സൃഷ്ടിച്ച് കൃഷ്ണനെയും രാമനെയും ഐതിഹ്യപുരുഷരാക്കി അവർ ജീവിച്ചിരുന്നോ എന്ന കാര്യത്തിൽ മറ്റുള്ളവർക്കും സംശയം ജനിപ്പിച്ചു.

നമ്മുടെ ഐതിഹ്യ പ്രകാരം 5000 വർഷo മുമ്പാണെന്നും അതല്ല B.C 15-10 നൂറ്റാണ്ടുകൾക്കിടയിലായാണ് അദ്ദേഹം ജീവിച്ചിരുന്നതെന്നും വാദങ്ങൾ നിലനിൽക്കുന്നു. എന്നാൽ ഉറപ്പിച്ചു പറയാൻ തക്കവണ്ണം തെളിവുകൾ അപര്യാപ്തം. 1980-കളിൽ B.C 1500 ലേതെന്ന് തെളിയിക്കപ്പെട്ട പുരാവസ്തുക്കൾ ദ്വാരകാ നഗരിയിൽ നിന്നും കണ്ടത്തി. എന്നാൽ പൂർണ്ണ നഗരാവശിഷ്ടങ്ങൾ ഇനിയും ലഭിച്ചിട്ടില്ല, അതിനാൽ കൃഷ്ണൻ്റെ ജീവിതകാലം പ്രഹേളികയായി തുടരുന്നു.

കൃഷ്ണനെ പറ്റി ഒരു പാട് തെറ്റിദ്ധാരണകൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടതാണ് 16008 ഭാര്യമാർ: ഞാൻ ആദ്യം സൂചിപ്പിച്ച പോലെ മഹാഭാരതമാണ് കൃഷ്ണൻ്റെ ആധികാരിക രേഖ. അതിൽ ഒരു പത്നിയേപ്പറ്റി മാത്രമേ പറഞ്ഞിട്ടുള്ളൂ - രുക്മിണി. പിന്നെ 16000 പേർ കൃഷ്ണൻ നരകാസുരനിൽ നിന്ന് രക്ഷിച്ച കന്യകമാരാണ്. അവരെ കല്യാണം കഴിച്ചതായി മഹാഭാരതത്തിൽ കാണുന്നില്ല. കൂടാതെ ഗോപികമാരായിട്ടുള്ള രാസക്രീഡ, ലീലകൾ എന്നീ അശ്ലീലത നിറഞ്ഞ ഭാഗം ഭാരതസംഹിതയിലില്ല. ഇതെല്ലാം പ്രതിപാദിച്ചിട്ടുള്ളത് ശൃംഗാരപ്രധാനമായ ഭാഗവതത്തിൽ ആണ്. ആര്യസമാജസ്ഥാപകനായ ദയാനന്ദ സരസ്വതി രൂക്ഷമായി ഭാഗവതത്തെ വിമർശിച്ചിട്ടുണ്ട്. കൃഷ്ണനെ പോലെയുള്ള മഹാത്മാവിൻ്റെ പേരിന് ഭാഗവതം കളങ്കം സൃഷ്ടിച്ചു എന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. കൃഷ്ണന് യഥാർത്ഥത്തിൽ രാസക്രീഡയും 16008 ഭാര്യമാരും ഉണ്ടായിരുന്നുവെങ്കിൽ, ശിശുപാലൻ രാജസൂയസമയത്ത് കൃഷ്ണനെതിരെ ദോഷാരോപണം ചെയ്തപ്പോൾ ഈ അശ്ലീല കാര്യങ്ങൾ പറയാതെയിരിക്കുമോ? എന്നാൽ അങ്ങനെയൊന്നും ശത്രുവായ ശിശുപാലൻ കൃഷ്ണനെതിരെ ആരോപണങ്ങൾ ഉന്നയിച്ചില്ല. അതിനാൽ ഈ അശ്ലീല കഥകൾ ഭാഗവതം ഉൾപ്പെടെയുള്ള പിൽക്കാലപുരാണങ്ങളിൽ മാത്രമായി കാണപ്പെടുന്ന അസത്യങ്ങളാണ്. കൂടാതെ രുക്മിണിയുമായുള്ള വിവാഹത്തിന് ശേഷം 12 വർഷത്തെ കഠിനമായ ബ്രഹമചര്യമടക്കമുള്ള വ്രതം അനുഷ്ഠിച്ചാണ് പ്രദ്യുമ്നൻ ജനിച്ചത് എന്ന് പറയെപ്പടുന്നു. സുഹൃത്തുക്കളെ, കൃഷ്ണൻ ഇപ്രകാരം രാസക്രീഡയും മറ്റും ചെയ്യുമെന്ന് പറയുന്നതും വിചാരിക്കുന്നതും ഉചിതമല്ല.

അതിനാൽ ഇത്രയും തേജസ്വിയും വ്യക്തിപ്രഭാവവുമുള്ള  ശ്രീകൃഷ്ണനെ ശരിയായ വീക്ഷണകോണിലൂടെ ദർശിച്ച്, ആ മഹാനായ യോഗീശ്വരൻ്റെ  ഗുണഗണങ്ങളെ മനനം ചെയ്ത് അതിനെ സ്വായത്തമാക്കുകയല്ലേ ചെയേണ്ടത് ?

തുടരും....



ഹർഷൻ നമ്പൂതിരി, പായ്ക്കാട്ട്മന 
സാമ്പത്തികശാസ്ത്ര - ചരിത്ര  വിദഗ്ദ്ധൻ 
                                   

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

രാവണനോ അതോ ശ്രീരാമാനോ ? അക്ഷയ് എ എസ്, എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി എഴുതുന്നു

നിന്റെ വിജയം നിന്റേതു മാത്രമോ!! -ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച് എഴുതുന്നു.