നീ അഹങ്കാരിയാണോ?? - ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച് എഴുതുന്നു...


പതനം എന്നത് അഹങ്കാരത്തിന്റെ  സൂചനയാണ്. കാരണം അഹങ്കാരം നമ്മുടെ നയനങ്ങളെ അന്ധതയിലാഴ്ത്തുന്നു. എല്ലാ കുറവുകളെയും ഉപേക്ഷിച്ചു എന്നു നാം പറഞ്ഞാലും, നമ്മിൽ അഹങ്കാരം ഉണ്ടെങ്കിൽ പിന്നെ എന്തു പ്രയോജനം? ഒരു മനുഷ്യന്റെ  പൂർണ വ്യക്തിത്വവികാസത്തിനു വിലങ്ങുതടിയായി നിൽക്കുന്നത് അവന്റെ  അഹങ്കാരമാണ്. ഉയർന്ന പർവ്വതശൃംഗം പോലെയാണ് ഒരു  അഹങ്കാരിയുടെ മനസ്സ്. അവൻ നിലത്തുനോക്കി നടക്കുന്നതിനു പകരം മാനം നോക്കി നടക്കുന്നു. ആദ്യകാലങ്ങളിൽ ബുദ്ധസന്യാസിമാർ എളിമ അഭ്യസിക്കുവാൻ നിലത്തുനോക്കി നടന്നിരുന്നുവത്രെ. എനിക്ക് അഹങ്കാരമില്ല എന്ന ചിന്തകളിൽ പോലും അഹങ്കാരം പതിയിരിക്കുന്നുവെന്ന് നാം മനസിലാക്കണം. സ്വന്തം നേട്ടങ്ങളിൽ അമിതമായ ആഹ്ലാദം, സ്വയം പുകഴ്ത്തൽ, സഹോദരനെ അപമാനിക്കൽ, പരസഹായം നിരസിക്കൽ, സ്വന്തം പ്രയത്നങ്ങളെ അതിയായി സ്തുതിക്കൽ, ദുഷ്ടസ്വഭാവങ്ങൾ എല്ലാം അഹങ്കാരത്തിന്റെ  പ്രതിഫലനങ്ങളാണ്.

അഹങ്കാരം എന്നത് കോപത്തിന്റെ  ഉറവിടമാണ്. അത് കപടതയുടെ മുഖംമൂടി അണിയുവാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു. ഒരു വിധിയാളന്റെ വേഷം ധരിക്കുവാൻ അഹങ്കാരിയുടെ മനസ്സ്  വെമ്പൽകൊള്ളുന്നു. അഹങ്കാരിയുടെ മനസ്സു പാറപോലെ കഠിനമാണ്. അഹങ്കാരിയുടെ ചില ലക്ഷണങ്ങൾ താഴെ കൊടുക്കുന്നു.

1. വാദപ്രതിവാദം നടത്തുന്നു.

അനാവശ്യമായ വാദപ്രതിവാദങ്ങളിൽ ഏർപ്പെടുവാൻ  അഹങ്കാരം മനുഷ്യനെ പ്രേരിപ്പിക്കുന്നു. തന്റെ   ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുവാൻ അവൻ ശ്രമിക്കുയാണ്. ഞാൻ ശരിയാണെന്നുള്ള പരസ്യമായ പ്രഖ്യാപനമാണ് തീവ്രമായ വാദപ്രതിവാദങ്ങൾ എന്നു നാം മനസിലാക്കണം.

2. അധികാരം കൊതിക്കുന്നു

അഹന്തയുള്ള മനുഷ്യൻ ഒരു അധികാരമോഹിയായിരിക്കും അല്ലെങ്കിൽ അവനു ശൂന്യത അനുഭവപ്പെടും. അധികാരമോഹം മനുഷ്യന്റെ  ദൃഷ്ടിയെ മറയ്ക്കുന്നു. അധികാരമോഹത്തെ ശരിവെക്കുവാൻ പല ന്യായവാദങ്ങളും അവൻ ഉന്നയിക്കുന്നു. അതിനായി മറ്റുള്ളവരെ തെറ്റായ ബോധ്യങ്ങളിലേക്ക് നയിക്കുന്നു. രണ്ടാംലോകമഹായുദ്ധമെല്ലാം ഇതിന് ഉദാഹരണമാണെല്ലോ.

3. അനുസരണമില്ലായ്‌മ

കാർക്കശ്യസ്വഭാവത്തിൻെറയും, തന്നിഷ്ടത്തിന്റെയും അകത്തളമായി അവർ മാറുന്നു. അവർക്കു മറ്റുള്ളവരുടെ അഭിപ്രായങ്ങളിലും,നിർദ്ദേശങ്ങളിലും നന്മയെ കണ്ടത്തുവാൻ സാധിക്കുന്നില്ല. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് അവർ ഒരു പുച്ഛമനോഭാവം പ്രകടിപ്പിക്കുന്നു. സ്വീകരിക്കേണ്ടതിനെ സ്വീകരിക്കാൻപോലും കഴിയാതെ അവർ ചങ്ങലകളാൽ ബന്ദിക്കപ്പെട്ടിരിക്കുന്നു.

4. കുറ്റപ്പെടുത്തലുകളും മുൻവിധികളും നടത്തുന്നു

അഹങ്കാരം നമ്മിൽ ഉളവാകുമ്പോൾ, മറ്റുള്ളവരെ കുറ്റപെടുത്തുവാനും വിമർശിക്കാനും ആരംഭിക്കുന്നു. അനാവശ്യമായ മുൻവിധികളോടെ മറ്റുള്ളവരെ സമീപിക്കാനുള്ള പ്രവണത നമ്മളിൽ ഉരുവാകുന്നു.

5. അമിതമായ ആത്മവിശ്വാസം

അഹങ്കാരമുള്ളവർ ചിലപ്പോൾ അപകടങ്ങൾ വരുത്തിവെക്കാറുണ്ട്. തനിക്കു എല്ലാം അറിയാം എന്ന തോന്നലുകൾ,  പതിയിരിക്കുന്ന അപകടങ്ങളെ തിരിച്ചറിയുന്നതിൽനിന്നു അവനെ പിന്നാക്കംവലിക്കുന്നു. ആത്മവിശ്വാസം നല്ലതാണ്, എന്നാൽ അമിതമായാൽ അമൃതും  വിഷം എന്നു കേട്ടിട്ടില്ലേ? അഹങ്കാരികൾ താത്കാലിക നേട്ടങ്ങെളെക്കുറിച്ചു മാത്രം  ചിന്തിക്കുന്നു. ക്രാന്തദർശിയായി വസ്തുതകളെ ഗ്രഹിക്കുന്നതിൽനിന്നും അമിതായ ആത്മവിശ്വാസം അവനെ തടയുന്നു.

നമ്മുടെ സമ്പത്തും കഠിനപ്രയത്നവുമെല്ലാം  അഹങ്കാരം നശിപ്പിക്കുന്നു. അഹങ്കാരത്തിൽനിന്നുള്ള പൂർണ മോചനം അത്ര സുഖകരമായ കാര്യമല്ല. ജീവിതത്തിലെ ഓരോ പതനങ്ങളും നമ്മിലെ അഹങ്കാരത്തിന്റെ  മുള്ളുകളെ ഒടിക്കുന്നു, എങ്കിലും പിഴുതെറിയപ്പെടുന്നില്ല. കാരണം അത് മനുഷ്യനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഞാൻ മികവുള്ളവനാണ്, ഞാൻ പൂർണനാണ് എന്ന തോന്നലുകൾ പോലും  അഹന്തയുടെ പൊയ്മുഖങ്ങളാണ്. അഹങ്കാരം എന്നത് മനസ്സിൻറെ മലിനമായ അവസ്ഥയാണ്. മനസ്സ് അന്ധകാരമാണെങ്കിലും പ്രകാശഭരിതമാണെന്നുള്ള മിഥ്യാധാരണയിലാണവൻ. ഇത് നമ്മുടെ പുരോഗതിയെ തടയുന്നു എന്നുമാത്രമല്ല, നമ്മെ ആയിരിക്കുന്ന അവസ്ഥയിൽനിന്നും ചുഴറ്റിത്താഴെയിടുന്നു.


അഹന്തയുള്ളവൻ പുറമെ പ്രകാശം പരത്തുന്നു എന്നാൽ അവന്റെ ഹൃദയം തുറന്ന ശവകുഴിക്കു തുല്യമാണ്. അവൻ എളിമയുള്ളവനെ വെറുക്കുന്നു. കാരണം എളിമ അഹന്തയ്ക്കെതിരെയുള്ള വജ്രായുധമാണ്. വിവേകിയായ മനുഷ്യൻ അഹങ്കാരത്തിൻറെ കണികകളെ നിഷ്‌കാസനം ചെയ്യുവാൻ ശ്രമിക്കുന്നു. എന്നാൽ അവിവേകിയാകട്ടെ വളവും വെള്ളവുമിട്ട് അതിനെ പരിപാലിക്കുന്നു.


അനുസരണം, ക്ഷമ, എളിമ, മരണത്തെക്കുറിച്ചുള്ള മനനം തുടങ്ങിയവ ഒരുപരിധിവരെ അഹങ്കാരത്തെ ചെറുത്തുനിൽക്കുവാൻ സഹായിക്കുന്നു. എന്റെ  ഇഷ്ടത്തെക്കാൾ മറ്റുള്ളവരുടെ ഇഷ്ടങ്ങളെ ബോധപൂർവം അംഗീകരിക്കുമ്പോൾ അഹകാരത്തിൻറെ വേലിക്കെട്ടുകൾ മെല്ലെ തകരുവാൻ തുടങ്ങുന്നു.

മറ്റുള്ളവരുടെ ശെരികളെ അറിഞ്ഞുകൊണ്ട് അനുസരിക്കുമ്പോൾ, അത് അഹന്തയുടെ സാന്ദ്രതയെ കുറയ്ക്കുന്നു. ചില വിട്ടുവീഴ്ചകളും ത്യാഗങ്ങളും ജീവിതത്തിൽ നാം നടത്തുകയാണെങ്കിൽ  അഹങ്കാരം എന്ന മുള്ളിനെ തഴച്ചുവളരുന്നതിൽനിന്നും തടയിടുവാൻ സാധിക്കും. അഹങ്കാരിയെ ഭയപെടുത്തുന്നത് മരണമാണ്. ആ സത്യത്തിനോട് ത്വരിതപെടുവാൻ അവനു സാധിക്കുകയില്ല. ഒരുവന് ജനനമുണ്ടെങ്കിൽ മരണമുണ്ട്‌. മരണം എന്നത് നിത്യതയിലേക്കുള്ള ഒരു വഴികാട്ടി മാത്രം. മരിക്കുമ്പോൾ  നാം ഒന്നും കൊണ്ടുപോകുന്നില്ല. ഈ യാഥാർഥ്യങ്ങളെ സ്‌മരിക്കുമ്പോൾ  തീർച്ചയായും എളിമ നമ്മിൽ രൂപപ്പെടും.

ഇങ്ങനെ അഹങ്കാരം എന്ന വിപത്തിൽനിന്ന് നമ്മുടെ മനസ്സിനെ വിമുക്തമാക്കുവാൻ ശ്രമിക്കുക. അതിനുള്ള തീരുമാനം എടുക്കുമ്പോൾത്തന്നെ ചെറുത്തുനിൽപ്പ് ആരംഭിച്ചുകഴിഞ്ഞു.

ഓൺലൈൻ, ടെലിഫോൺ  കൗൺസിലിങ്ങിനായി ഈ നമ്പറിൽ ബന്ധപെടുക :-
📞☎️ 👉 7994343179

അനുഭവസമ്പന്നരായ സൈക്കോളജിസ്റ്റുകളുടെയും സോഷ്യൽ വർക്കേഴ്സിന്റെയും സേവനങ്ങൾ  ലഭ്യമാണ്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യഥാർത്ഥത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ആരാണ്? - ഹർഷൻ നമ്പൂതിരി, പായ്ക്കാട്ട്മന എഴുതുന്നു....

രാവണനോ അതോ ശ്രീരാമാനോ ? അക്ഷയ് എ എസ്, എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി എഴുതുന്നു

നിന്റെ വിജയം നിന്റേതു മാത്രമോ!! -ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച് എഴുതുന്നു.