നിന്റെ വിജയം നിന്റേതു മാത്രമോ!! -ജോർജ് ജോസ് പഞ്ഞിക്കാരൻ, ലൈഫ് കോച്ച് എഴുതുന്നു.


സുഹൃത്തേ, നമ്മുടെയെല്ലാം ജീവിതം  പുൽകൊടിക്ക് തുല്യമാണ്. അതിനു ദൈർഘ്യം എത്ര ഉണ്ടെന്ന് ആർക്കുമറിയില്ല. എപ്പോൾ വേണമെങ്കിലും അത്  നിലയ്ക്കാം.അങ്ങനയുള്ള നാം ആകാശമുട്ടെ ഞെളിഞ്ഞു നിന്നു, എന്റെ മാത്രം അധ്വാനംകൊണ്ടാണ്  വളർന്നതെന്ന് അഹങ്കാരത്തോടെ  പറയുമ്പോൾ ഒന്ന് ചിന്തിക്കുക നാം വെറും നന്ദിയില്ലാത്തവരും കൃതജ്ഞതയില്ലാത്തവരുമാണെന്ന്.

ജീവിതവിജയത്തിന് വേണ്ട പ്രധാന ഘടകങ്ങളാണ്  ആത്‌മവിശ്വാസവും, ദൈവവിശ്വാസവും,ആത്മധൈര്യവും, സ്ഥിരരോത്സാഹവും. ഇതെല്ലാം ഒരുവന്റെ വളർച്ചയ്ക്ക് വേണ്ട പ്രധാന ഗുണങ്ങളാണ്. ഇതെല്ലാം അവൻ വളർത്തിയെടുക്കേണ്ടതുമാണ്. എന്നാൽ അവൻ സ്വായത്തമാക്കേണ്ട പ്രധാന ഗുണങ്ങളിൽ ഒന്നാണ് കൃതജ്ഞതാമനോഭാവം. ഒരുവൻ അവന്റെ  മുറിവുകളിൽനിന്നു ഒരു ഫീനിക്‌സ് പക്ഷിയെപോലെ പറന്നുയരുമ്പോഴും ഹൃദയത്തിൽ ചേർത്തുപിടിക്കേണ്ട ഒന്നാണ് നന്ദിയും കൃതജ്ഞതാമനോഭാവവും.

ജീവിതത്തിൽ  അവസരങ്ങൾ, ഭാഗ്യങ്ങൾ, അനുഗ്രഹങ്ങൾ എന്നീ മൂന്ന് ഘടകങ്ങൾ മാറി മറിഞ്ഞു വന്നാലും അവയെ വേണ്ടവിധം നിർണയിക്കുന്നതിൽ  കൃതജ്ഞതാമനോഭാവം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാരണം അത് നമ്മെ വളർച്ചയിലേക്ക് നയിക്കുകയും, എന്തിലും  ലാളിത്യത്തെ  ദർശിക്കുവാൻ  നമ്മെ പ്രാപ്തരാക്കുകയും  ചെയുന്നു. ചിലർ എന്ത് ചെയ്താലും അതിൽ സംതൃപ്തി കണ്ടെത്തുവാനോ, ഫലം കാണുവാനോ സാധിക്കാതെ വരുന്നതിന്റെ ഏറ്റവും പ്രധാന കാരണവും ഈ മനോഭാവത്തിന്റെ അഭാവമാണ്. വേറെ ചിലർ ഉയർച്ചയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, അയാൾ എന്തൊക്കെയോ ചെയ്തു എന്ന് പുലമ്പുമ്പോഴും ഒന്ന് ആത്മശോധന ചെയ്യുന്നത് നല്ലതായിരിക്കും. ചിലർ  പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?? ഞാൻ ഒറ്റയ്ക്കാണ് ഇതെല്ലാം നേടിയതെന്ന്."എടാ വിഡ്ഢി, ഇത് ലോകമാണ്, ഇവിടെ നീ മാത്രമല്ല ജീവിക്കുന്നത് നിനക്ക് ചുറ്റും ഒരുപാടു ജീവിതങ്ങൾ ഉണ്ട് അവരുടെയൊക്കെ ഭിക്ഷയും ഔദാര്യവും സഹായവുമാണ്  നിന്റെ ഇന്നത്തെ ഉയർച്ച".

ഇല്ലായ്മയിൽനിന്നു നിന്ന് ഉയരങ്ങളിലേക്ക് പറക്കുമ്പോൾ, നമ്മുടെ ചിറകുകളിലെ മുറിവുകളെ ഉണക്കി വേണം പറക്കുവാൻ,  അല്ലെങ്കിൽ ആയുസു അറ്റുപോകുന്നത് കാണാം. എത്രയൊക്കെ ഉയരത്തിൽ പറന്നാലും ആ ഉയരങ്ങളിനിന്നു താഴേക്കു എത്തിനോക്കുന്നതും വളരെ നന്ന്, കാരണം വീഴ്ച്ചയുണ്ടാകുമ്പോൾ അതിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും. അവിടെയും നാം  കൃതജ്ഞതാമനോഭാവമുള്ളവരാണെങ്കിൽ, ആ പരാജയങ്ങളിലും  തകർച്ചകളിലും  പാഠങ്ങൾ ഉൾകൊണ്ട് മുന്നേറാൻ നമ്മുക്ക് സാധിക്കും. കൃതജ്ഞതാമനോഭാവവും നന്ദിയും വളർത്തിയെടുക്കുമ്പോൾ ആ വ്യക്തി ഏവർക്കും  സ്വീകാര്യനും അനുഗ്രഹീതനുമായിത്തീരും.

ഈ ലോകം മഹാന്മാരെന്നും ഇതിഹാസങ്ങളെന്നും വിളിച്ചവരുടെ ജീവിതങ്ങളിലൂടെ  വിരലോടിക്കുമ്പോൾ അവരെല്ലാം കൃതജ്ഞതാമനോഭാവവത്തിന്റെ  ഉടമകളായിരുന്നു. നമ്മുടെ മാതാപിതാക്കൾ, ബന്ധുമിത്രാതികൾ, ഉറ്റവർ, സുഹൃത്തുക്കൾ, വഴികാട്ടികൾ, അങ്ങനെ പലരിൽനിന്നും പലതും പഠിച്ചും ഉൾകൊണ്ടും സ്വീകരിച്ചും ജീവിക്കുന്നവരാണ് നാം. ആരും ഒറ്റയാനായി ജനിക്കുന്നില്ല, മുറിവെൽക്കപെടുമ്പോഴാണ്  അവൻ അങ്ങനെയായി തീരുന്നത്. ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, മഹാനായ ശാസ്ത്രജ്ഞൻ  തോമസ് ആൽവാ എഡിസൺ തുടങ്ങിയവരുടെ  ജീവിതങ്ങളിലൂടെ കടന്നുപോകുംമ്പോൾ അവരെ അവരാക്കിയതിൽ മാതാപിതാക്കൾ വഹിച്ച പങ്കു  സ്തുത്യർഹമാണ്. സച്ചിന്റെ ജീവിതത്തിൽ അദ്ദേഹത്തിന്റെ അച്ഛനോടുള്ള നന്ദി ജീവിതം ഉടനീളം പ്രതിഫലിച്ചു കാണുന്നു. അതുപോലെ എഡിസന്റെ ജീവിതത്തിൽ അമ്മയുടെ സ്വാധീനവും വളരെ വലുതാണ്. അങ്ങനെ ഒരു അമ്മ ഇല്ലായിരുന്നെങ്കിൽ മാനവരാശി ഇന്ന് വൈദ്യുതി വെളിച്ചം  കാണില്ലായിയുന്നു. അങ്ങനെ പലരുടെയും ത്യാഗങ്ങളും സഹനങ്ങളും വിട്ടുവീഴ്ചകളുമുണ്ട് ഒരാളുടെ വളർച്ചയ്ക്ക് പിന്നിൽ. ജീവിതത്തിലെ കയ്പ്പ്  നിറഞ്ഞ അനുഭവളെപോലും  നന്ദിയോടെയും  കൃതജ്ഞതാമനോഭാവത്തോടെയും  കണ്ടവരാണ് പല മഹാന്മാരും.

 കൃതജ്ഞതാമനോഭാവമുണ്ടെങ്കിൽ  തന്നെ നമ്മുടെ ബന്ധങ്ങൾ ഈടുറ്റതും,  ഉഷ്മളതയുള്ളതുമായി തീരും. അങ്ങനെവന്നാൽ നമ്മുടെ കുട്ടികൾ മുതിർന്നവരോട് ബഹുമാനവും, ആധരവും കാണിച്ചു തുടങ്ങും. അത് വൃദ്ധസദനങ്ങൾ ഇല്ലാത്ത ഒരു ലോകത്തെ പറ്റി നമ്മെ ചിന്തിപ്പിക്കും. കൃതജ്ഞതാമനോഭാവം  തന്നോട് തന്നെയും, മറ്റുള്ളവരോടും, പ്രകൃതിയോടും, ഈശ്വരോനോടും വളർത്തിയെടുക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം ജീവിതം ധന്യമായി തീരും. പ്രകൃതിയുടെ കനിവാണ് നാം ശ്വസിക്കുന്ന വായു, ജലം, മണ്ണ് എല്ലാം തന്നെ. ആ അവബോധം നമ്മൾ വളർത്തുകയാണെങ്കിൽ പ്രകൃതിക്കെതിരെയുള്ള മനുഷ്യന്റെ കടന്നാക്രമണങ്ങൾക്കു എന്നേ വിരാമം ആയേനെ.

നമ്മുടെ വീടുകളിൽ കുട്ടികളെ മറ്റു  മൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനൊടൊപ്പം നിർബന്ധമായും വളർത്തിയെടുക്കേണ്ട ഗുണങ്ങളിൽ ഒന്നാണ് കൃതജ്ഞതാമനോഭാവം. ഇത്തരം മനോഭാവം ഉള്ള വ്യക്തികൾ ജീവിതത്തിൽ പരാജയങ്ങളിലകപെടുമ്പോഴും, തകർച്ചകൾ ചുഴറ്റിയടിക്കുമ്പോഴും, വിജയത്തിന്റെ കനലുകളെ കണ്ടെത്തി അതിനെ ഒരു അഗ്നിയാക്കാൻ ശ്രമിക്കും. അപ്പോൾ നാം നടുന്നത് എന്തോ, അത്  നൂറു മേനി ഫലം പുറപ്പെടുവിക്കുന്നതായി തീരും.


ഓൺലൈൻ, ടെലിഫോൺ  കൗൺസിലിങ്ങിനായി ഈ നമ്പറിൽ ബന്ധപെടുക :-
📞☎️ 👉 7994343179

അനുഭവസമ്പന്നരായ സൈക്കോളജിസ്റ്റുകളുടെയും സോഷ്യൽ വർക്കേഴ്സിന്റെയും സേവനങ്ങൾ  ലഭ്യമാണ്

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2020 ജൂൺ 16, 11:45 AM-ന്

    ഇന്നത്തെ കാലത്തിനു അനുയോജ്യമായ ഒരു ലേഖനമാണ് ഇത്. ഇത്തരം നല്ല ലേഖനങ്ങൾ ഇനിയു പ്രസിദ്ധികരിക്കുക. താങ്കളുടെ ഈ സംരംഭത്തിന് എല്ലാവിധ മംഗളങ്ങളും നേരുന്നു

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

യഥാർത്ഥത്തിൽ ശ്രീകൃഷ്ണ ഭഗവാൻ ആരാണ്? - ഹർഷൻ നമ്പൂതിരി, പായ്ക്കാട്ട്മന എഴുതുന്നു....

രാവണനോ അതോ ശ്രീരാമാനോ ? അക്ഷയ് എ എസ്, എൻഞ്ചിനീയറിംഗ് വിദ്യാർത്ഥി എഴുതുന്നു