വ്യാജന്മാരുടെ 7 ലക്ഷണങ്ങൾ - ജിയൊ കാപ്പൻ,കൺസൽട്ടൻറ് സൈക്കോളജിസ്റ്റ് എഴുതുന്നു
"അവൻ/അവൾ ഒരു ഫെയ്ക്ക് ആണ്."
"വിശ്വസിക്കാൻ കൊള്ളില്ല."
"ചതിക്കും."
നമ്മുടെ പലരുടെയും പരിചയ മണ്ഡലത്തിലുള്ള ചിലരെപ്പറ്റി കേൾക്കാറുള്ള ചില അഭിപ്രായങ്ങൾ. ഇത് സഹപാഠിയെക്കുറിച്ചാവാം, സുഹൃത്തിനെകുറിച്ചാവാം, സഹപ്രവർത്തകനെകുറിച്ചാവാം, മേലധികാരിയെക്കുറിച്ചാവാം, ചിലപ്പോൾ, ഭാര്യയെക്കുറിച്ചോ, കാമുകിയെകുറിച്ചോ ആവാം. ഇത്തരം അഭിപ്രായങ്ങൾ അപ്പടി വിഴുങ്ങുന്നവരുണ്ട്. ഇത് പാടെ നിരാകരിക്കുന്നവരും, ശങ്കിച്ചു നിൽക്കുന്നവരും ഉണ്ട്. എന്തൊക്കെ ആയാലും, ഇത് മനുഷ്യബന്ധങ്ങളുടെ ഊഷ്മളത ഇല്ലാതാക്കുന്നു. ആളുകളെ സംശയ രോഗികളാക്കുന്നു.
ഇവിടെ തെറ്റ് ആരുടേതാണ്? കുറ്റം പറയുന്നവരുടേതോ, ആരോപിക്കപ്പെടുന്നവരുടേതോ, അതോ നമ്മുടേതോ?
ഒരു നിമിഷം ചിന്തിക്കുക. അപ്പോൾ വെളിവാകും, പ്രശനം നമ്മുടേതു തന്നെ. നെല്ലും പതിരും തിരിച്ചറിയാനുള്ള നമ്മുടെ കഴിവുകേട്. മറ്റുള്ളവരുടെ സ്വാധീനവലയത്തിൽ എളുപ്പത്തിൽ പെട്ടുപോകുന്ന അശക്താവസ്ഥ.
ഇതിന് ഒരു പരിഹാരമേ ഉള്ളു. മിഥ്യയും വ്യാജവും തിരിച്ചറിയാനുള്ള ശേഷി സ്വയം ആർജ്ജിച്ചെടുക്കുക. സ്വയം ഒരു ചിന്തകനാവുക. അൽപം കൂടി കൃത്യമായി പറഞ്ഞാൽ സ്വയം ഒരു മനഃശാസ്ത്രജ്ഞനാവുക. എല്ലാവരും അൽപം മനഃശാസ്ത്രം അഭ്യസിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ലോകത്തുള്ളൂ എന്ന് പണ്ടേതോ ചിന്തകർ പറഞ്ഞത് ഓർക്കുക.
ഇങ്ങനെയൊരവസരത്തിൽ, വ്യാജന്മാരെ തിരിച്ചറിയാനുതകുന്ന മനഃശാസ്ത്രപരമായ ചില പൊടിക്കൈകൾ അവതരിപ്പിക്കുന്നു:
______________________________ _________________
1. അവർ നിന്ദാസ്തുതികളും കൊള്ളിവാക്കുകളും (Sarcasm) ഉപയോഗിക്കും.
****************************** ****************************** ****************
പരസ്പരമുള്ള കളിയാക്കലുകളും, ഇരട്ടപ്പേര് വിളിക്കലുമൊക്കെ സുഹൃത്ത്ബന്ധങ്ങളിൽ സർവസാധാരണമാണ്. ഇത് സുഹൃത്ബന്ധങ്ങൾക്ക് ഹരം പകരുന്നു. സുഹൃത്തുക്കൾ മാത്രം ഒത്തുചേരുന്ന അവസരങ്ങളിലാണ് സാധാരണയായി ഇത് കാണാറ്. എന്നാൽ വ്യാജ-സുഹൃത്തുക്കൾ തങ്ങളുടെ അസൂയ, സാഡിസം, അപകർഷതാബോധം എന്നിവയുണ്ടാക്കുന്ന സമ്മർദ്ദത്തിന്റെ ഫലമായി പൊതുവെ ഇത്തരം പെരുമാറ്റങ്ങൾ പാടില്ലാത്ത സന്ദർഭങ്ങളിലും, ചിലപ്പോൾ അവർപോലും അറിയാതെ ('unconsciously' എന്നൊക്കെ പറയാറില്ലേ) ഇത്തരത്തിൽ പെരുമാറും. ഇത് ഒന്നോ രണ്ടോ തവണ ഉണ്ടായി എന്നത് കൊണ്ട് ഒരുവനെ വ്യാജനായി കണക്കാക്കരുത്. പക്ഷെ തുടർച്ചയായി കാണുകയാണെങ്കിൽ ശ്രദ്ധിക്കണം.
______________________________ __________________
2. ഒരു പ്രശനം വരുമ്പോൾ മഷിയിട്ടു നോക്കിയാലും അവരെ കാണാൻ സാധിക്കില്ല.
****************************** ****************************** *****************
സിനിമ കാണാൻ പോകുമ്പോഴും, പാർട്ടിക്ക് പോകുമ്പോഴും, മറ്റ് ആഘോഷ പരിപാടികളിലും, അവർക്ക് ഗുണമുണ്ടാകുന്ന വേളകളിലുമൊക്കെ അവർ നിങ്ങളോടൊപ്പം ഉണ്ടാവും. എന്നാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ, അവരുടെ പിന്തുണ ഏറ്റവും ആവശ്യമായി ഉള്ളപ്പോൾ, അതിവേഗത്തിൽ നാടകീയമായി അവർ ഇരുട്ടിൽ മറയും. നിങ്ങൾ അപാര മനക്കട്ടിയുള്ളവരും, മനഃശാസ്ത്ര കുതുകികളുമല്ലെങ്കിൽ പിന്നീട് അവരെ പിന്തുടരാതിരിക്കുകയാണ് നല്ലത്. കാരണം, വ്യാജന്മാർക്കും, വ്യാജകൾക്കും ഇത്തരത്തിലുള്ള വികാര നിർഭരമായ സന്ദർഭങ്ങളെ നിരാകരിക്കുക എന്നത് ഒരു ഹരമാണ്. ഇവർക്ക് പൊതുവെ തന്മയീഭാവശക്തി ('Empathy'-എമ്പതി-മറ്റൊരുവന്റെ വ്യക്തിത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള കഴിവ്) ഉണ്ടായിരിക്കുകയില്ല. ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവും, സാമൂഹികവുമായ ചില ഘടകങ്ങളുടെ സ്വാധീനത്താൽ വൈകാരികമായി മരവിച്ചവരായിരിക്കും. (ഇതിനെ കുറിച്ച് 'വൈകാരികമായി മരിച്ചവർ' എന്ന ലേഖനത്തിൽ വ്യക്തമാക്കാം). പൊതു വേദികളിൽ നിങ്ങൾ ഒറ്റപ്പെട്ടാൽ, ഒന്നുകിൽ അവർ ഭൂരിപക്ഷത്തിന്റെ കൂടെക്കൂടും, അല്ലെങ്കിൽ നിക്ഷ്പക്ഷ വാദിയായി അഭിനയിക്കും, ഇല്ലെങ്കിൽ അസ്വാഭാവിക മൗനം അവലംബിക്കും. ഇത് സമൂഹത്തിലുള്ള മറ്റാർക്കും മനസ്സിലാവാത്ത രീതിയിൽ നല്ല വെടിപ്പായി ചെയ്യുമെന്നും ഓർക്കുക.
______________________________ ________________
3. ബന്ധം നിലനിർത്താൻ അവരുടെ ഭാഗത്തു നിന്ന് ശ്രമങ്ങൾ ഉണ്ടാവില്ല.
****************************** ****************************** **************
എപ്പോഴും നിങ്ങൾ അങ്ങോട്ട് വിളിക്കേണ്ടി വരുന്നു. ഒരു മെസ്സേജ് അയച്ചാൽ അവിടെ എത്തുന്നുമുണ്ട്, അത് കാണുന്നുമുണ്ട്, പക്ഷേ മറുപടി അയക്കുന്നില്ല. ഒരു പിണക്കം ഉണ്ടായാൽ അത് പരിഹരിക്കാനുള്ള യാതൊരു ശ്രമങ്ങളും ഉണ്ടാവില്ല. തക്കതായ കാരണങ്ങൾ ഇല്ലാതെ ഇത്തരം കാര്യങ്ങൾ തുടർച്ചയായി ഉണ്ടാവുകയാണെങ്കിൽ ശ്രദ്ധിക്കുക. ഒരു വിഡ്ഢിയാവാതിരിക്കുക.
______________________________ _____________
4. നിങ്ങളുടെ അസാന്നിധ്യത്തിൽ നിങ്ങളെപ്പറ്റി പരദൂഷണം പറയും.
****************************** ****************************** *********
വ്യാജന്മാരുടെയും വ്യാജകളുടെയും പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. അവർ മുഖത്തു നോക്കി കാര്യം പറയില്ല. എന്നാൽ പിന്നിൽ നിന്ന് കുറ്റം പറയും. നിങ്ങൾ അത്രകണ്ട് വിശ്വസിച്ചു പറഞ്ഞ രഹസ്യങ്ങൾ പോലും, ഇവർ സാഹചര്യം വന്നാൽ ഒരു കൂസലുമില്ലാതെ വെളിവാക്കുമെന്ന് മാത്രമല്ല, ചിലപ്പോൾ നിങ്ങൾക്കെതിരെ പ്രയോഗിച്ചെന്നുമിരിക്കും. അതിനാലാണ്, വ്യാജ-സുഹൃത്തിനേക്കാൾ ഭേദം തുറവിയുള്ള ശത്രുവാണ് എന്ന് പറയുന്നത്.
_____________________________
5. ദൗർബല്യത്തെ മുതലെടുക്കും.
****************************** *****************
ഇത് രണ്ട് രീതിയിൽ സംഭവിക്കും. നിങ്ങളുടെ ദൗർബല്യം കണ്ടറിഞ്ഞ് അതിനെ അവർക്ക് വേണ്ടുന്ന രീതിയിൽ ഉപയോഗിക്കുകയാണ് ഒന്നാമത്തെ രീതി. നിങ്ങളുടെ ദൗർബല്യം കണ്ടറിഞ്ഞ് സന്ദർഭം വരുമ്പോൾ നിങ്ങൾക്കെതിരേ തന്നെ പ്രയോഗിക്കുന്നതാണ് രണ്ടാമത്തെ രീതി. ഇത്തരക്കാരുടെ മുൻപിൽ നിങ്ങളുടെ ബലഹീനതകൾ പരമാവധി പ്രദർശിപ്പിക്കാതിരിക്കുക എന്നതാണ് ഏക പോംവഴി.
_____________________
6. അനാവശ്യ കരുതൽ.
****************************** ****
ആളുകളെ കയ്യിലെടുക്കാനുള്ള വ്യാജരുടെ പ്രധാന അടവുകളിലൊന്നാണിത്. എന്നാൽ, ആവശ്യ നേരത്ത് ഇത് കണ്ടെന്ന് വരില്ല.
_______________
7. 'വക്രകോപം'.
************************
മുഖത്തു നോക്കി വിമർശിക്കില്ല എന്ന സവിശേഷതയോടൊപ്പം ഇവരിൽ കണ്ടുവരുന്ന മറ്റൊരു പ്രത്യേകതയാണ് 'വക്രകോപം' (Passive Aggression). ശത്രുതാമനോഭാവത്തിന്റെ വക്ര രൂപം. ഇത് നിങ്ങൾ വിലക്കിയ ഒരു കാര്യം നിരന്തരമായി നിങ്ങളുടെ അറിവോടെയോ അല്ലാതെയോ ചെയ്യുന്നതാവാം. അല്ലെങ്കിൽ നിങ്ങൾക്കിഷ്ടമുള്ള ഒരു കാര്യം മനഃപൂർവ്വം ചെയ്യാതിരിക്കുന്നതാവാം. ഇത്തരം പ്രവൃത്തികൾ അഹന്താനിഷ്‌ഠ, സാഡിസം, അപകർഷതാബോധം തുടങ്ങിയവയിൽ നിന്ന് ഉടലെടുക്കുന്നു.
മേല്പറഞ്ഞവയിൽ ഒന്നോ രണ്ടോ ലക്ഷണങ്ങൾ ഒരു വ്യക്തിയിൽ പലപ്പോഴായി കണ്ടു എന്നത് കൊണ്ട് ഒരുവനെ വ്യാജനായി ചുട്ടികുത്തരുത്. കാരണം, അത് മനുഷ്യസഹജമാണ്. എന്നാൽ, മേല്പറഞ്ഞവയിൽ നാലോ അതിലധികമോ എണ്ണം ഒരുവനിൽ നിരന്തരമായി കാണുകയാണെങ്കിൽ അവരുടെയടുത്ത് ബോധപൂർവ്വം വർത്തിക്കേണ്ടിയിരിക്കുന്നു. ഒപ്പം, നമ്മളും ഒരു വ്യാജനാവാതിരിക്കുക എന്നതും ഒരു പ്രധാന കാര്യമാണ്. ഒഴുക്കും തിരയും മനസ്സിലാക്കി നമുക്ക് മുന്നേറാം.
ജിയൊ കാപ്പൻ
കൺസൽട്ടൻറ് സൈക്കോളജിസ്റ്റ്
മനഃശാസ്ത്ര അദ്ധ്യാപകൻ, ലിസ്സാ കോളേജ് കോഴിക്കോട്


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ